ആദ്യകാല മലയാള സാഹിത്യ നിരൂപകനും വിദ്യാവിനോദിനി സാഹിത്യമാസികയുടെ പത്രാധിപരുമായിരുന്നു സി.പി.അച്യുതമേനോൻ(1863-1937). മലയാളസാഹിത്യനിരൂപണത്തിന്റെ പിതാവ് എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]സി.അച്യുതമേനോൻ എന്നും സി.പി.അച്യുതമേനോൻ എന്നും അറിയപ്പെടുന്ന ചങ്ങരംപൊന്നത്ത് അച്യുതമേനോന്റെ ജനനം 1863ൽ തൃശ്ശൂരിലാണ്.പിതാവ് വടക്കേക്കുറുപ്പത്ത് കുഞ്ഞൻമേനോൻ,മാതാവ് ചങ്ങരംപൊന്നത്ത് പാർവ്വതിയമ്മ.
മദിരാശി പച്ചയ്യപ്പാസ് കോളേജിലെ മലയാളം പണ്ഡിതനായിട്ടാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത് .1886 മുതൽ കൊച്ചിസർക്കാരിന്റെ കീഴിൽ സേവനമാരംഭിച്ചു.അന്നത്തെ ദിവാനായിരുന്ന തോട്ടയ്ക്കാട്ട് ഗോവിന്ദമേനോൻ സംസ്ഥാനവ്യാപകമായി മലയാളവിദ്യാലയങ്ങളുടെ ശൃംഖല ആരംഭിച്ചപ്പോൾ അതിനായി രൂപവത്കരിയ്ക്കപ്പെട്ട വിദ്യാഭ്യാസവകുപ്പിന്റെ തലവനായി നിയമിതനായി. വിവിധ കർമ്മമേഖലകളിൽ ഉയർന്നപദവികൾ വഹിച്ച ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങളും റിപ്പോർട്ടുകളും സാമൂഹ്യ-സാമ്പത്തികരംഗങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവയാണ്. കൊച്ചിയിലെ ശിലാശാസനങ്ങളെപ്പറ്റിയുള്ള പഠനം, വ്യവസായപരിഷ്കരണ റിപ്പോർട്ട്, ഇൻഡസ്ട്രിയൽ സ്ക്കൂളുകളുടെ സ്ഥാപനം, ദേവസ്വം ഏകീകരിക്കുന്നതിനെപ്പറ്റിയുള്ള റിപ്പോർട്ട്, കുടിയായ്മ റിപ്പോർട്ട്, ലാന്റ് റവന്യു മാന്വൽ, എൻജിനീയറിങ്ങ് ഡിപ്പാർട്ടുമെന്റ് കോഡ്, വില്ലേജ് ഉദ്യോഗസ്ഥന്മാർക്കുവേണ്ടിയുള്ള നിർദ്ദേശങ്ങൾ, കൊച്ചിൻ സ്റേറ്റുമാന്വൽ ഇവയൊക്കെ അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. പുരോഗമനചിന്താഗതിക്കാരനായ ഇദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തിൽ അതീവശ്രദ്ധ പുലർത്തിയിരുന്നു. തന്റെ ഭരണകാലത്ത് പെൺകുട്ടികൾക്കുള്ള സ്കൂൾ ഫീസ് നിർത്തലാക്കി എന്നത് ഇതിനൊരുദാഹരണമാണ്.
കൊച്ചിയിലെ ആദ്യത്തെ നിയമനിർമ്മാണ സഭയിൽ അംഗവുമായിരുന്ന സി.പി. അച്യുതമേനോൻ മുളങ്കുന്നത്ത് കാവ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.[2] 1912 ൽ തന്റെ അമ്പതാമത്തെ വയസ്സിൽ സി.പി.ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു.[3]