കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി(1783 – 1862). സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. തിരുവിതാംകൂറിലെ ആറ് ഭരണാധികാരികളെ സേവിക്കാൻ അദ്ദേഹത്തിനു സാധിച്ചു.
ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി രവി വർമ്മ തമ്പി 1783-ൽ തിരുവനന്തപുരത്തു[അവലംബം ആവശ്യമാണ്] ജനിച്ചു. അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവി വർമ്മയെ ഇരയിമ്മൻ എന്ന ഓമനപേരിട്ടത്.[1]
അദ്ദേഹത്തിന്റെ ആട്ടക്കഥകളായ കീചക വധവും ഉത്തരാ സ്വയംവരവും ഇരുപതാം വയസ്സിൽ രചിച്ചതാണ്.[1]
“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ.